കൊറോണ യൂറോപ്പിൽ പടരുന്നു; ജനീവ മോട്ടോർ ഷോ റദ്ദാക്കി

 

കൊറോണ വൈറസ് ഭയം കാരണം അടുത്ത ആഴ്ച നടക്കാനിരുന്ന ജനീവ മോട്ടോർ ഷോ റദ്ദാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമാണ് ജനീവ അന്താരാഷ്‍ട്ര മോട്ടോര്‍ ഷോ. മാര്‍ച്ച് അഞ്ച് മുതല്‍ 15 വരെ നടത്താനിരുന്ന മോട്ടോര്‍ ഷോയുടെ 90-ാമത് എഡീഷനാണ് റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

വൈറസ് പടരുന്നത് തടയുന്നതിനായി മാർച്ച് 15 വരെ ആയിരത്തിലധികം പേരുടെ ഒത്തുചേരൽ നിരോധിച്ചിട്ടുണ്ടെന്ന് സ്വിറ്റ്സർലൻഡിലെ ഫെഡറൽ ഓഫീസ് ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു.

“ഈ അവസ്ഥയിൽ ഞങ്ങൾ ഖേദിക്കുന്നു, പക്ഷേ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യം ഞങ്ങളുടെയും ഞങ്ങളുടെ എക്സിബിറ്റർമാരുടെയും മുൻ‌ഗണനയാണ്,” കാർ ഷോയുടെ സംഘാടകർ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ജനീവയിലും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറ്റ് പല ഭാഗങ്ങളിലും നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ വ്യാപകമാണ്. മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം ഒരുക്കുന്നതിന് മുന്നോടിയായ മാര്‍ച്ച് രണ്ടാം തീയതി മുതല്‍ മാധ്യമങ്ങള്‍ക്കായുള്ള വാഹന പ്രദര്‍ശനം ആരംഭിക്കേണ്ടതായിരുന്നു.