ഈ ശീലങ്ങള്‍ നിങ്ങളുടെ കാറിനെ തകരാറിലാക്കും

കാറില്‍ ചെറിയ പോറല്‍ ഉണ്ടായാല്‍ അതില്‍ വിഷമിക്കുന്നവരാണ്  മിക്കവരും. വാഹനത്തിന്റെ മോഡിയില്‍ വളരെ അധികം വ്യാകുലരാകുന്ന നിങ്ങള്‍ വാഹനത്തിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന കാര്യങ്ങളെ പറ്റി ചിന്തിക്കാറുണ്ടോ? കാറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഓയില്‍ ചെയ്ഞ്ചും, ടയര്‍ റൊട്ടേഷനും, ഡ്രൈവ് ബെല്‍റ്റ് ചെയ്ഞ്ചും ഇടവേളകളില്‍ നടത്തുന്ന പരിശോധനയുമെല്ലാം സഹായകമാകുമെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ ഇതു കൊണ്ട് മാത്രം കാറിന്റെ ആയുസ്സ് വര്‍ധിക്കുമോ? നിങ്ങളുടെ ചില ശീലങ്ങളും കാറിന്റെ ആയുസ്സിനെ സ്വാധീനിക്കുന്നുണ്ട്.

ഗിയര്‍ലിവറിന് മേല്‍ അനാവശ്യമായി കൈവെയ്ക്കുക

സ്റ്റിയറിംഗില്‍ നിന്ന് ഒരല്‍പം വിശ്രമം ലഭിക്കാന്‍ ഗിയര്‍ ഷിഫ്റ്റിന് മേല്‍ ഇടയ്ക്കിടെ കൈയവെയ്ക്കുന്നവരാണ് പലരും. എന്നാല്‍ ഈ ശീലം ഗിയര്‍ ബോക്സിന്റെ നാശത്തിന് കാരണമാകും. കുറഞ്ഞ മര്‍ദ്ദം പോലും ഗിയറുകളെ തകരാറിലാക്കാന്‍ സാധ്യതയുള്ളതിനാലാണ് ഈ ശീലം വില്ലനാകുന്നത്.

പാര്‍ക്കിംഗ് ബ്രേക്കുകള്‍ ഉപയോഗിക്കാതിരിക്കുക

കാറ് ഗിയറില്‍ നിര്‍ത്തിയാല്‍ പോരെ, എന്തിനാണ് പാര്‍ക്കിംഗ് ബ്രേക്ക് ഇടുന്നത് എന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ടാകാം. പാര്‍ക്കിംഗ് ബ്രേക്കുകളുടെ ഉപയോഗം ഏറെ അനിവാര്യമാണ്. കാരണം, പാര്‍ക്കിംഗ് ബ്രേക്ക് ഉപയോഗിച്ചില്ലെങ്കില്‍ വാഹനത്തിന്റെ മുഴുവന്‍ ഭാരവും പാര്‍ക്കിംഗ് പോളിലേക്ക് വരും. ഗിയര്‍ബോക്സിലുള്ള ചെറിയ ലോഹ ഘടകമാണ് പാര്‍ക്കിംഗ് പോള്‍. ഈ ശീലം തുടര്‍ന്നാല്‍ പാര്‍ക്കിംഗ് പോള്‍ വേഗത്തില്‍ നാശത്തിലാവും.

കാറിലെ അമിത ഭാരം

കാറില്‍ അമിത ഭാരം കയറ്റുന്ന ശീലമുണ്ടെങ്കില്‍ അത് കാറിന് ദോഷകരമാണ്.അമിത ഭാരം ഇന്ധനക്ഷമതയെ മാത്രമല്ല മറിച്ച് സസ്പെന്‍ഷന്‍, ബ്രേക്ക്, ഡ്രൈവ്ട്രെയിന്‍ എന്നീ ഘടകങ്ങളെയെല്ലാം ബാധിക്കും.

കുറഞ്ഞ ഇന്ധനത്തില്‍ വാഹനം ഓടിക്കുക

കാര്‍ ടാങ്കില്‍ കുറച്ച് ഇന്ധനം മാത്രം കരുതുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതും കാറിനെ അപകടത്തിലാക്കും. കുറച്ച് ഇന്ധനത്തില്‍ വാഹനം പ്രവര്‍ത്തിക്കുമ്പോള്‍ ടാങ്ക് അതിവേഗം ചൂടാകും. കുറഞ്ഞ പക്ഷം ടാങ്കിന്റെ കാല്‍ഭാഗം എങ്കിലും ഇന്ധനം കരുതുന്നത് വഴി ഈ പ്രശ്നം ഒഴിവാക്കാം.

പെട്ടെന്നുള്ള ബ്രേക്കിംഗ്

പലപ്പോഴും പെട്ടെന്നുള്ള ബ്രേക്കിംഗ് ഒഴിച്ച് കൂടാനാവാത്ത കാര്യമാണ്. എന്നാല്‍ ഇത് ഒരു ശീലമാക്കിയവര്‍ക്ക് അത് ഗുണകരമല്ല. ഇത് ബ്രേക്ക് പാഡുകളും റോട്ടറുകളും അതിവേഗം നശിക്കുന്നതിന് കാരണമാകും. ബ്രേക്ക് പെഡലുകള്‍ സുഗമമായി പ്രയോഗിക്കുന്നതും ഉത്തമമായ ഡ്രൈവിംഗ് ശീലമാണ്.

തണുപ്പുകാലത്ത് എഞ്ചിന്‍ ചൂടാക്കുക

ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ താപത്തിലേക്ക് എഞ്ചിനെ കൊണ്ടു വരണമെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണ് മിക്കവരും ഈ ശീലം പാലിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാലത്തെ സങ്കല്‍പമാണ്. ഇന്ന് വരുന്ന കാറുകളില്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനുകളാണ് ഇടംപിടിക്കുന്നത്. കുറഞ്ഞ താപത്തിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ എഞ്ചിനെ പര്യാപ്തപ്പെടുത്തുന്നതാണ് ഫ്യൂവല്‍ ഇഞ്ചക്ടഡ് കാറുകളിലെ ഇസിയു. ഇത്തരത്തില്‍ എഞ്ചിന്‍ ചൂടാക്കുന്നത് എഞ്ചിന്‍ ഓയില്‍ ഡൈല്യൂഷന് കാരണാകും. സ്റ്റാര്‍ട്ട് ചെയ്തിടുന്ന വേളയില്‍ ഇന്ധനം ഓയിലുമായി കലരാനുള്ള സാധ്യത കൂടുതലാണ്. ഇത് ഓയിലിന്റെ ലൂബ്രിക്കേഷന്‍ സ്വഭാവം കുറയ്ക്കും. തത്ഫലമായി ആവശ്യമായ ലൂബ്രിക്കേഷന്‍ എഞ്ചിന് ലഭിക്കാതെ വരും.

അനാവശ്യമായി ക്ലച്ചിനെ ആശ്രയിക്കുക

ക്ലച്ചില്‍ അനാവശ്യമായി കാല്‍ അമര്‍ത്തി വയ്ക്കുന്നത് തെറ്റായ ശീലമാണ്. ക്ലച്ചിന് മേല്‍ അനാവശ്യമായി കാല്‍ വെയ്ക്കുന്നത് ക്ലച്ചിന്റെ തേയ്മാനത്തിന് വഴിതെളിക്കും. ക്ലച്ച് പ്ലേറ്റുകള്‍ തുടര്‍ച്ചയായി മാറ്റേണ്ടതിനും ഈ ശീലം കാരണമാകും.

റിവേഴ്സില്‍ നിന്നും നേരെ ഡ്രൈവിലേക്ക്

റിവേഴ്സില്‍ ഗിയറില്‍ പിന്നോട്ട് നീങ്ങവെ പെട്ടെന്ന് തന്നെ കാറിനെ ഡ്രൈവ് ഗിയറിലേക്ക് മാറ്റുന്ന ശീലം ഇന്ന് പതിവാണ്. സഞ്ചരിച്ചിരുന്ന ദിശയില്‍ നിന്നും അപ്രതീക്ഷിതമായി എതിര്‍ ദിശയിലേക്ക് മാറുക എന്നത് ഡ്രൈവ്ട്രെയിനില്‍ അധിക സമ്മര്‍ദ്ദം ചെലുത്തും. റിവേഴ്സ് ഗിയറില്‍ കാര്‍ നിന്നതിന് ശേഷം മാത്രം ഡ്രൈവ് ഗിയറിലേക്ക് മാറുന്നതാണ് ഉചിതമായ നടപടി.

ബ്രേക്ക് ചവിട്ടിയുള്ള ഇറക്കം

ബ്രേക്ക് ചവിട്ടി കയറ്റം ഇറങ്ങുന്നതിന് എന്താണ് കുഴപ്പം എന്ന് ചിന്തിക്കാം. ഇറക്കങ്ങളില്‍ മിക്കവരും കാല്‍ ബ്രേക്കിന് മേല്‍ വെച്ചാണ് ഡ്രൈവ് ചെയ്യുക.അടിയന്തര സാഹചര്യത്തില്‍ എളുപ്പം ബ്രേക്ക് ചവിട്ടാന്‍ ഈ ശീലം സഹായിക്കുമെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ ബ്രേക്കിന് മേല്‍ അനാവശ്യമായി കാല്‍വെയ്ക്കുന്നത് ബ്രേക്ക് പാഡിലും റോട്ടറിലും അധിക സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ബ്രേക്കുകള്‍ ഓവര്‍ ഹീറ്റാകും. അപ്പോള്‍ അടിയന്തര അവസരങ്ങളില്‍ നിങ്ങള്‍ ബ്രേക്ക് ചവിട്ടിയാല്‍ ലഭിക്കണമെന്നില്ല. ചരിവുള്ള റോഡുകളില്‍ കാറിനെ ചെറിയ ഗിയറില്‍ ഇറക്കുക വഴി വാഹനത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം നിങ്ങള്‍ക്ക് ലഭിക്കും.

വൈകിയുള്ള ഗിയര്‍ ഷിഫ്റ്റിംഗ്

വൈകിയുള്ള ഗിയര്‍ ഷിഫ്റ്റിംഗ് എഞ്ചിന് തകരാറാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മാനുവല്‍ ഗിയര്‍ സിസ്റ്റത്തില്‍ എഞ്ചിന്മേലും അതിന്റെ കരുത്തിന്മലും ഡ്രൈവര്‍ക്ക് പൂര്‍ണ ആധിപത്യമാണ് ലഭിക്കുന്നത്. ഡ്രൈവര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് മുകളിലായി യാതൊരു വിധ ഇലക്ട്രോണിക് ഉപകരണങ്ങളും ഇടപെടില്ല. അതിനാല്‍ ആര്‍പിഎം മീറ്റര്‍ അല്ലെങ്കില്‍ ടാക്കോ മീറ്ററില്‍ ഡ്രൈവറുടെ ശ്രദ്ധ അനിവാര്യമാണ്. ഉയര്‍ന്ന ആര്‍പിഎമ്മുകളില്‍ ഗിയര്‍ ഷിഫ്റ്റിംഗ് നടത്തുന്നത് ഏറെ ഗുണകരമാണ്.