വാഹന ഉടമകള്‍ക്ക് മോദി സര്‍ക്കാരിന്റെ കനത്ത പ്രഹരം; വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നു

വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാസഞ്ചര്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയില്‍ നിന്ന് 5000 രൂപയാക്കാനാണ് മന്ത്രാലയം കണക്ക് ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഫീസില്‍ നിന്നും 400 ശതമാനം വര്‍ദ്ധനയാണിത്. വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം കുറയ്ക്കാനും, പഴയ വാഹനങ്ങളെ നിരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുമാണ് സര്‍ക്കാരിന്റെ ഈ നീക്കം.

ട്രക്കുകള്‍ക്ക് 1,200 ശതമാനം വര്‍ദ്ധനയാണ് ഉദ്ദേശിക്കുന്നത്. അതായത് നിലവിലെ 1,500 രൂപയില്‍ നിന്നും 20,000 രൂപ എന്ന നിലയിലേക്ക് ഉയരും. പഴയ പാസഞ്ചര്‍ വാഹനത്തിന് റീ രജിസ്‌ട്രേഷന്‍ ഫീസ് ഇപ്പോഴുള്ള 1,000 രൂപയില്‍ നിന്ന് 10,000 രൂപയായും ടാക്‌സികള്‍ മറ്റ് വാണിജ്യ വാഹനങ്ങള്‍ക്ക് 1,000 രൂപയില്‍ നിന്ന് 15,000 രൂപ വരെയായും ട്രക്കുകള്‍ക്കും മറ്റും 2,000 രൂപയില്‍ നിന്ന് 40,000 രൂപ വരെയായും ഉയര്‍ന്നേക്കാം.

നീതി ആയോഗുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഗതാഗത മന്ത്രാലയം ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങുന്നത്. ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നത് പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം എല്ലാ 15 വര്‍ഷം കഴിയുമ്പോള്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതുണ്ട്. ശേഷം അഞ്ച് വര്‍ഷം തോറും വാഹനം പുതുക്കണം.