അമിതവേഗത്തില്‍ പാഞ്ഞ ബെന്‍സ്; നടുറോഡില്‍ നട്ടംതിരിഞ്ഞ ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തുമെന്ന് പറയുന്നത് വെറുംവാക്കാണെന്ന് കരുതുന്നതെങ്കില്‍ തെറ്റി. റോഡിലെ കാര്യമാണെങ്കില്‍ പ്രത്യേകിച്ച്. ബൈക്ക് യാത്രക്കാരാണ് അശ്രദ്ധയുടെ ആശാന്‍മാര്‍. അതുകൊണ്ട് തന്നെ നമ്മുടെ റോഡുകളില്‍ ജീവന്‍ പൊലിയുന്ന വലിയ ശതമാനം ആളുകളും ബൈക്ക് യാത്രികരാകും.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലും ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധയാണ് കാണുന്നത്. റോഡില്‍ അങ്ങോട്ട് തിരിയണോ അതോ ഇങ്ങോട്ട് തിരിയണോ എന്ന് ആലോചിച്ചിരിക്കുമ്പോഴേക്കും പിറകിലും വാഹനങ്ങള്‍ വരുന്നുണ്ട് എന്ന ഓര്‍മ്മ ആദ്യം വേണമെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ.

നേരെയുള്ള റോഡില്‍ വന്ന ബൈക്ക് ആദ്യം വലത്തോട്ട് തിരിച്ച് പിന്നെ ഇടത്തോട്ട് തന്നെ തിരിക്കുന്നതാണ് അപകടം ക്ഷണിച്ചു വരുത്തിയത്. ബൈക്കിന് പിന്നില്‍ പാഞ്ഞെത്തിയ ബെന്‍സ് കാറാണ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചത്. ബൈക്കുകാരന്റെ അശ്രദ്ധയും കാറിന്റെ അമിതവേഗവും അപകടത്തിന് പിന്നിലുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാണ്.