കാമുകിയുടെ അക്രമത്തില്‍ തകര്‍ന്ന 20 കോടി രൂപയുടെ ബുഗാട്ടി ചിറോണ്‍; വാഹനലോകത്ത് പൊരിഞ്ഞ തര്‍ക്കം

കാമുകനോടുള്ള ദേഷ്യം തീര്‍ക്കാന്‍ 20 കോടി രൂപ (30 ദശലക്ഷം ഡോളര്‍) വിലയുള്ള ബുഗാട്ടിയുടെ സ്‌പോര്‍ട്‌സ് കാര്‍ ചിറോണ്‍ അടിച്ചു തകര്‍ത്ത വീഡിയോയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാഹനലോകത്തെ വലിയ ചര്‍ച്ച. ചുവന്ന നിറത്തിലുള്ള ബുഗാട്ടി തകര്‍ന്ന് തരിപ്പണമായിരിക്കുന്ന വീഡിയോ കണ്ട് ബുഗാട്ടി പ്രേമികളുടെ ഉള്ളുലഞ്ഞു.

കാറിന്റെ ചില്ലിന്റെ ഒരു ഭാഗം തകര്‍ന്നതായും ഒരു ഹൈഹീല്‍ ചെരുപ്പ് ചില്ലില്‍ തറച്ച് നില്‍ക്കുന്നതായും വീഡിയോയില്‍ കാണാം. കാറിന്റെ ഒരു വശത്ത് ചീറ്റര്‍ എന്ന് സ്പ്രേ  പെയിന്റില്‍ എഴുതിയിരിക്കുന്നതും കാണാം.

വീഡിയോ നിമിഷനേരങ്ങള്‍ കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമിലാണ് ആദ്യം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, വീഡിയോ വൈറലായതിന് ശേഷം ഇതിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് നിരവധിയാളുകള്‍ സംശയവുമായി രംഗത്ത് വന്നു. എന്തുകൊണ്ടാണ് ചിലര്‍ ഈ വീഡിയോ സത്യമാണെന്ന് പറയുന്നത് എന്നറിയില്ല. കാറിന്റെ വിന്‍ഡ്ഷീല്‍ഡും ആ ചെരുപ്പും കാണുമ്പോള്‍ തന്നെ അത് വ്യാജമാണെന്ന് വ്യക്തമാകുന്നുണ്ടെന്നാണ് ചിലര്‍ വീഡിയോയുടെ ഒറിജിനാലിറ്റിയില്‍ സംശയം പ്രകടിപ്പിക്കുന്നത്.

അതേസമയം, പ്രമുഖ ഓട്ടോമൊബൈല്‍ വെബ്‌സൈറ്റ് ദി ഡ്രൈവ് പറയുന്നത് ഈ വീഡിയോ മുഴുവനായും വ്യാജമാണെന്നാണ്. മണിക്കൂറില്‍ 262 കിലോമീറ്റര്‍ വേഗതയിലോടുന്ന ചിറോണിന്റെ ചില്ല് ഒരു ചെരുപ്പ് കൊണ്ട് അടിച്ചു തകര്‍ക്കാന്‍ പറ്റുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നാണ് ദി ഡ്രൈവ് ചോദിക്കുന്നത്.