ബലേനോ ബെന്‍സാക്കി മാറ്റി: ആര്‍ടിഒ പിടികൂടി മുഴുവന്‍ അഴിപ്പിച്ചു: ഇത് മോഡിഫൈഡ് കാറുകള്‍ക്കും ബൈക്കുകള്‍ക്കും കഷ്ടകാലം

കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ തിരൂരില്‍നിന്ന് ഒരു മോഡിഫൈഡ് കാര്‍ ആര്‍ടിഒ അധികൃതര്‍ പിടികൂടിയത്. മാരുതി ബലേനോ കാര്‍ മോഡിഫൈ ചെയ്ത് ബെന്‍സ് കാറാക്കി മാറ്റുകയായിരുന്നു.

ഈ വാഹനത്തിന് മൂന്ന് ഉടമകളാണുള്ളത്. ഇതില്‍ ആദ്യ ഉടമയും ഇപ്പോഴത്തെ ഉടമയും തമ്മിലുള്ള തര്‍ക്കങ്ങളാണ് വാഹനത്തിനെതിരെ പരാതിപ്പെടുന്നതിലേക്കും തിരൂര്‍ ആര്‍ടിഒ വാഹനം പിടിച്ചെടുക്കുന്നതിലേക്കും എത്തിയത്.

മോഡിഫൈഡ് കാറുകള്‍ ആര്‍ടിഒ പിടിച്ചാല്‍ അഡീഷ്ണലായി കയറ്റിയ ബോഡി പാര്‍ട്ട്‌സുകള്‍ ഊരി മാറ്റിക്കുക എന്ന രീതിയാണ് പിന്‍തുടരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മോഡിഫൈഡ് സ്‌കോഡാ കാര്‍ അപകടത്തില്‍പ്പെടുകയും വാഹനം ഓടിച്ചിരുന്നയാള്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിലാകെ മോഡിഫൈഡ് കാറുകള്‍ക്ക് വേണ്ടിയുള്ള പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. മോഡിഫൈഡ് കാറുകള്‍ അപകടമുണ്ടാക്കുന്നുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.

https://www.facebook.com/moorkanadlive/videos/557989244542705/

കേരളത്തിലാകെ മോഡിഫൈഡ് കാറുകള്‍ക്കും ബൈക്കുകള്‍ക്കും ഇത് കഷ്ടകാലമാണെന്ന് വേണം കരുതാന്‍. ബുള്ളറ്റ് ഉള്‍പ്പെടെയുള്ള മോഡിഫൈഡ് ബൈക്കുകള്‍ പൊലീസും ആര്‍ടിഒയും പരിശോധനയില്‍ പിടിച്ചാല്‍ അവിടെവെച്ച് തന്നെ മോഡിഫൈഡ് പാര്‍ട്‌സ് അഴിച്ചുവെപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ വാഹന ഉടമയ്ക്ക് നഷ്ടമാകുന്നത് ലക്ഷങ്ങളാണ്.