ക്യൂട്ട് ആക്ട്രസ് ആലിയ ഭട്ടിന് കൂട്ടായി ഇനി റോവല്‍ വോഗും

ബോളിവുഡ് ക്യൂട്ട് ആക്ട്രസ് ആലിയ ഭട്ടിന്റെ യാത്ര ഇനി റോവല്‍ വോഗില്‍. ബ്രിട്ടീഷ് അത്യാഢംബര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ വോഗ് എസ്.യു.വിയാണ് താരത്തിന്റെ ഗ്യാരേജിലേക്ക് എത്തിയ പുതിയ അതിഥി. വോഗിന്റെ ലോങ് വീല്‍ ബേസ് മോഡലാണ് ആലിയ തിരഞ്ഞെടുത്തത്. ഏകദേശം രണ്ടു കോടി രൂപയാണ് വാഹനത്തിന്റെ വില.

ലാന്‍ഡ് റോവര്‍ പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന എസ്.യു.വികളിലൊന്നാണ് വോഗ്. 3.0 ലിറ്റര്‍ V6 ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 240 ബിഎച്ച്പി പവറും 600 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഊര്‍ജമെത്തും.

അഡാപ്റ്റീവ് നീനോണ്‍ ലൈറ്റ്, 20 ഇഞ്ച് അലോയി വീല്‍, 20 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഹെഡ് അപ്പ് ഡിസ്പ്ലേ, മൂഡ് ലൈറ്റിങ്, 825 വാട്ട് മെറിഡിയന്‍ ഓഡിയോ സിസ്റ്റം, 8-10 ഇഞ്ച് വലുപ്പത്തിലുള്ള എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സറൗണ്ടഡ് ക്യാമറ സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍.

ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും, അനുഷ്‌ക ശര്‍മയും നേരത്തെ വോഗ് സ്വന്തമാക്കിയിരുന്നു. ജര്‍മ്മന്‍ നിര്‍മ്മിത വാഹനമായ ഔഡി Q 5-ല്‍ നിന്നാണ് ആലിയ ഇനിയുള്ള യാത്ര റേഞ്ച് റോവര്‍ വോഗിലേക്ക് മാറ്റിയത്.