മാരുതി രണ്ടും കല്‍പ്പിച്ച് തന്നെ : 2022 എര്‍ട്ടിഗ, XL6 മോഡലുകളുടെ അരങ്ങേറ്റം ഉടന്‍

2022 ആരംഭിച്ച് രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ നിരവധി മോഡലുകളുടെ നവീകരിച്ച പതിപ്പുകളും ഫെയ്സ്ലിഫ്റ്റ് മോഡലുകളും ഇറക്കി മാരുതി കളം നിറയ്ക്കുകയാണ്. ഈ ശ്രേണിയിലേയ്ക്ക് പുതിയ കൂട്ടിചേര്‍ക്കല്‍ ഉണ്ടാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വൈകാതെ തന്നെ എര്‍ട്ടിഗയുടെയും, XL6-ന്റെയും ഫെയ്സ്ലിഫ്റ്റ് പതിപ്പുകളെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ കാലതാമസം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി എര്‍ട്ടിഗയുടെയും, XL6-ന്റെയും ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയതയാണ് സൂചന.

മാരുതി 2022 എര്‍ട്ടിഗയും 2022 XL6 ഉം വരും ആഴ്ചകളില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ആദ്യ യൂണിറ്റുകള്‍ ഡീലര്‍ യാര്‍ഡുകളില്‍ എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.പുതിയ ബലേനോയില്‍ നിന്ന് വ്യത്യസ്തമായി പുതിയ എര്‍ട്ടിഗയ്ക്കും XL6-നും ചെറിയ അപ്‌ഡേറ്റുകള്‍ മാത്രമാകും ലഭിക്കുക. എര്‍ട്ടിഗയ്ക്കും XL6 നും പുതിയ ഫ്രണ്ട് ഗ്രില്ലും അലോയ്കളും ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ, ചില പുതിയ കളര്‍ ഓപ്ഷനുകളും പ്രതീക്ഷിക്കാം.

ഉള്ളില്‍, ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 2022 ബലെനോയില്‍ ആദ്യമായി ഓഫര്‍ ചെയ്ത പുതിയ സ്മാര്‍ട്ട്പ്ലേ പ്രോ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യും. മ്യൂസിക് സിസ്റ്റം സ്പീക്കറുകള്‍ക്കും ഒരു അപ്‌ഡേറ്റ് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എഞ്ചിന്‍ സവിശേഷതകള്‍

2022 എര്‍ട്ടിഗയിലോ XL6-ലോ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. 105 ബിഎച്ച് പി പവറും 138 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റ് നല്‍കുന്നത് തുടരും.

നിലവിലെ മോഡലില്‍ നിന്നുള്ള മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മാറ്റമില്ലാതെ തുടരും. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ 5-സ്പീഡ് മാനുവലും പുതിയ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോ-ബോക്സും ആയിരിക്കും. എര്‍ട്ടിഗയുടെയും XL6 ഓട്ടോമാറ്റിക്കിന്റെയും നിലവിലെ പതിപ്പുകള്‍ 4 സ്പീഡ് ഓട്ടോമാറ്റിക്കാണ്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.