മോഹിപ്പിക്കുന്ന വിലയും 33.54 കിലോമീറ്റര്‍ മൈലേജും; വാഗണ്‍ ആര്‍ സിഎന്‍ജി വിപണിയില്‍

മാരുതി സുസുക്കിയുടെ ഏറ്റവും വിജയകരമായ മോഡലുകളില്‍ ഒന്നാണ് വാഗണ്‍ ആര്‍. വാഹനത്തിന്റെ ഒന്നാം തലമുറ പതിപ്പിനെയും രണ്ടാം തലമുറ പതിപ്പിനെയും ഇരു കൈയ്യും നീട്ടിയാണ് രാജ്യം സ്വീകരിച്ചത്. 22 ലക്ഷത്തോളം വാഗണ്‍ ആര്‍ കാറുകള്‍ മാരുതി രാജ്യത്ത് വിറ്റഴിച്ചു എന്നതില്‍ തന്നെ സ്വീകാര്യത വ്യക്തമാണ്. ഈ വര്‍ഷം ആദ്യമെത്തിയ മൂന്നാം തലമുറ പതിപ്പിനും അതേ സ്വീകരണമാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ വാഹനത്തിന്റെ പുതിയ സിഎന്‍ജി വകഭേദവും വിപണിയിലെത്തിച്ചിരിക്കുകയാണ് മാരുതി.

LXi, LXi ഓപ്ഷണല്‍ എന്നീ രണ്ട് വകഭേദങ്ങളിലെത്തുന്ന വാഹനത്തിന് യഥാക്രമം 4.84 ലക്ഷം, 4.89 ലക്ഷം എന്നിങ്ങനെയാണ് ദില്ലി എക്സ്ഷോറൂം വില. വാഗണ്‍ ആര്‍ നിരയിലെ എന്‍ട്രി ലെവല്‍ വേരിയന്റാണ് LXi. ഫ്രണ്ട് പവര്‍ വിന്‍ഡോ, 13 ഇഞ്ച് സ്റ്റീല്‍ വീല്‍, മാനുവല്‍ എസി യൂണിറ്റ്, 12V ചാര്‍ജിങ് സോക്കറ്റ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ബേസ് വേരിയന്റ് സിഎന്‍ജി വാഗണ്‍ ആറിലുണ്ട്.

പെട്രോള്‍ പതിപ്പില്‍ 22.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ വാഗണ്‍ ആര്‍ സിഎന്‍ജിയില്‍ 33.54 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പമാണ് സിഎന്‍ജി വകഭേദം. 68 പിഎസ് പവറും 90 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും വാഗണ്‍ ആര്‍ വിപണിയിലുണ്ട്. ഹ്യുണ്ടായ് സാന്‍ട്രോ സിഎന്‍ജിയാണ് വാഗണ്‍ ആര്‍ സിഎന്‍ജിയുടെ പ്രധാന എതിരാളി. സിഎന്‍ജിക്ക് പിന്നാലെ ഇലക്ട്രിക് വാഗണ്‍ ആറും ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.