ഹയബൂസ പുതിയ ഭാവത്തില്‍, ഇന്ത്യന്‍ നിരത്ത് കൈയ്യടക്കാന്‍ സുസൂക്കി വീണ്ടും

സൂപ്പര്‍ ബൈക്കുകള്‍ കൊണ്ട് വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ജാപ്പനീസ് നിര്‍മ്മാതക്കളായ സുസൂക്കി പുതിയ മോഡലുമായി വീണ്ടും  ഇന്ത്യയില്‍ കളം പിടിക്കുന്നു.  ഹയബൂസയുടെ പുതിയ മോഡലാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. ഫെബ്രുവരി ഏഴിന് ഡല്‍ഹിയില്‍  ആരംഭിക്കുന്ന  ഓട്ടോ എക്സ്പോയില്‍ പുത്തന്‍ ഹയബൂസ സുസൂക്കി നിരയില്‍ തലയയുയര്‍ത്തി നില്‍ക്കും.

സുസുക്കിയുടെ വിഖ്യാതമായ ഈ മോഡല്‍ ആദ്യം വിപണിയിലെത്തിയപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്നും പ്രതാപം നശിക്കാത്ത ഈ വാഹനം ഒരു അത്യാധുനിക ക്ലാസിക്കായാണ് പരിഗണിക്കപ്പെടുന്നത്. 13.87 ലക്ഷം രൂപയാണ് പുത്തന്‍ ഹയബൂസയുടെ എക്സ്ഷോറൂം വില. ഇതുവരെ പരിചിതമല്ലാത്ത രണ്ട് വ്യത്യസ്ത നിറഭേദങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്.

നിലവിലുള്ള 1,340 സിസി ഇന്‍-ലൈന്‍, ഫോര്‍-സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് DOHC എഞ്ചിനിലാണ് 2018 സുസൂക്കി ഹയബൂസയുടെ ഒരുക്കം. 197 ബിഎച്ച്പി കരുത്തും 155 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഹയബൂസയ്ക്ക് വേണ്ടത് കേവലം 2.74 സെക്കന്‍ഡുകള്‍ മാത്രമാണ്. മണിക്കൂറില്‍ 299 കിലോമീറ്ററാണ് ഹയബൂസയുടെ പരമാവധി വേഗത.