Wednesday, 12 August 2026
‘Honest storytelling is a powerful means of change
04:45:10 PM IST
Kerala

രമേശ് പിഷാരടി അന്നേ പറഞ്ഞിരുന്നു, ഇപ്പോഴത് സത്യമായോ? സാബു എം ജേക്കബിനെതിരെ വിമർശനം കടുപ്പിക്കുമ്പോൾ അഖിൽ മാരാർക്ക് സ്ഥിരതയില്ലെന്ന് വിമർശനം

SHARE

ആൻ മരിയ കെ ജോസ്

നിലപാടുകൾ മാറുമ്പോൾ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടാറുണ്ട്. രാഷ്ട്രീയത്തിൽ അഭിപ്രായവ്യത്യാസങ്ങളും വിമർശനങ്ങളും പുതിയതല്ല. ഒരു പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നതും പിന്നീട് ആ പാർട്ടിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നതും ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായിത്തന്നെ കാണാം. എന്നാൽ അഖിൽ മാരാരുടെ കാര്യത്തിൽ ഉയരുന്ന പ്രധാന ചോദ്യം മറ്റൊന്നാണ് — അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളിൽ സ്ഥിരതയുണ്ടോ എന്നത്.

ഇക്കഴിഞ്ഞ ദിവസമായിരുന്നു സംവിധായകനും നടനും മുൻ ബിഗ്‌ബോസ് താരവും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന അഖിൽ മാരാർ ട്വന്റി ട്വന്റി പാർട്ടിയിൽ നിന്നും പുറത്ത് പോയെന്ന കാര്യം വ്യക്തമാക്കിയത്. പാർട്ടിയുമായി ചേർന്നുനിന്ന കാലത്ത് സ്വീകരിച്ച നിലപാടുകളും പിന്നീട് പുറത്തുവന്നശേഷം ഉന്നയിച്ച ആരോപണങ്ങളും തമ്മിലുള്ള വൈരുധ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ചർച്ചയാകുന്നത്.

സാബു എം ജേക്കബുമായി സഹകരിച്ച് പോകാനാകില്ലെന്നും പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും ആരോപിച്ചാണ് ട്വന്റി ട്വന്റി പാർട്ടിയിൽ നിന്നുള്ള അഖിലിന്റെ പടിയിറക്കം. എന്നാൽ, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളും യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. റിയാലിറ്റി ഷോയിലൂടെ ലഭിച്ച താരപരിവേഷം രാഷ്ട്രീയത്തിൽ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷകൾക്ക് ഏറ്റ മങ്ങലായി വേണം ഈ രാജിയെ കാണാൻ.

​കൊട്ടാരക്കര സീറ്റ് നൽകാമെന്ന് പറഞ്ഞ് സാബു ജേക്കബ് തന്നെ ചതിച്ചുവെന്നാണ് അഖിലിന്റെ പ്രധാന ആരോപണം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ അദ്ദേഹം അവിടെ പ്രചാരണവും തുടങ്ങിയിരുന്നു. എന്നാൽ, പാർട്ടി അവിടെ രശ്മിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയിലെ സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയയും സംഘടനാ തീരുമാനങ്ങളും പൂർണ്ണമായും മനസിലാക്കാതെയായിരുന്നു അഖിലിന്റെ ഈ പ്രചാരണ തുടക്കം. കൊട്ടാരക്കര ലഭിക്കാതെ വന്നതോടെ തൃപ്പൂണിത്തുറ ലഭിക്കുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷയും അസ്ഥാനത്തായി.

​തുടർന്ന് മാന്യമായൊരു സീറ്റ് വേണമെന്ന ആവശ്യത്തിനൊടുവിൽ ബിജെപി ഇടപെട്ടാണ് തൃക്കാക്കരയിൽ സ്ഥാനാർഥിത്വം നൽകിയത്. എന്നാൽ, അവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുഴുവൻ സമയവും തന്റെ കൂടെ വെറും രണ്ടുപേർ മാത്രമാണുണ്ടായിരുന്നതെന്ന അഖിലിന്റെ തുറന്നുപറച്ചിൽ ശ്രദ്ധേയമാണ്. കേവലം ഒരു താരപരിവേഷത്തിനപ്പുറം, താഴെത്തട്ടിൽ ഒരു രാഷ്ട്രീയ നേതാവായി മാറാനോ പ്രവർത്തകരെ ഒപ്പം നിർത്താനോ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നാണ് ഈ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. താൻ വിളിച്ചാൽ സാബു ജേക്കബ് ഫോൺ പോലും എടുക്കാറില്ലെന്ന പരാതിയും, പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തോടുള്ള സമീപനം എന്തായിരുന്നുവെന്ന് അടിവരയിടുന്നു.

​നേതൃത്വത്തെയും സാബു ജേക്കബിനെയും പഴിചാരി പടിയിറങ്ങുമ്പോഴും, പല ചോദ്യങ്ങളും അഖിലിന് നേരെയും ഉയരുന്നുണ്ട്. രാഷ്ട്രീയമെന്നത് റിയാലിറ്റി ഷോകളിലെ ജനപ്രീതിക്കപ്പുറം ചിട്ടയായ പ്രവർത്തനവും താഴെത്തട്ടിലുള്ള സംഘടനാ സംവിധാനവും ആവശ്യപ്പെടുന്ന ഒന്നാണെന്ന യാഥാർഥ്യമാണ് ഈ എപ്പിസോഡിലൂടെ വ്യക്തമാകുന്നത്. വ്യക്തിപരമായ അജണ്ടകൾക്കും സീറ്റ് മോഹങ്ങൾക്കും അപ്പുറം ജനകീയ അടിത്തറ ഉണ്ടാക്കിയെടുക്കുന്നതിൽ വന്ന വീഴ്ചയാണ് അഖിൽ മാരാരുടെ ഈ പെട്ടെന്നുള്ള മടക്കയാത്രയ്ക്ക് കാരണം.

ഇന്നലെ പിന്തുണച്ചതിനെ ഇന്ന് ശക്തമായി വിമർശിക്കുകയും, ഇന്നലെ വിമർശിച്ചതിനെ ഇന്ന് അനുകൂലിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോൾ സ്വാഭാവികമായും ജനങ്ങൾക്ക് സംശയങ്ങൾ ഉയരും. നിലപാട് മാറ്റുന്നത് തെറ്റല്ല. പുതിയ അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും അടിസ്ഥാനത്തിൽ ഒരാളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ മാറാം. എന്നാൽ ആ മാറ്റത്തിന് വ്യക്തമായ കാരണവും സുതാര്യമായ വിശദീകരണവും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം അത് രാഷ്ട്രീയ ബോധ്യത്തിന്റെ പരിണാമമെന്നതിലുപരി സാഹചര്യത്തിനനുസരിച്ചുള്ള നിലപാട് മാറ്റമായി വ്യാഖ്യാനിക്കപ്പെടും.

അഖിൽ മാരാർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ വസ്തുതയുണ്ടെങ്കിൽ അവ ഗൗരവമായി പരിശോധിക്കപ്പെടണം. അതേസമയം, ആരോപണങ്ങൾ ഉന്നയിക്കുന്ന വ്യക്തിയുടെ മുൻ നിലപാടുകളും ഇപ്പോഴത്തെ വാദങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിൽ വിമർശനത്തിനേക്കാൾ പ്രധാനമാണ് വിശ്വാസ്യത. ആ വിശ്വാസ്യത നിലനിൽക്കാൻ നിലപാടുകളിൽ വ്യക്തതയും സ്ഥിരതയും അനിവാര്യമാണ്.

നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് രമേഷ് പിഷാരടി, അഖിൽ മാരാരെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. തനിക്കെതിരെയുള്ള അഖിലിന്റെ വിമർശനങ്ങളെക്കുറിച്ച് പിഷാരടിയോട് ചോദിച്ചപ്പോൾ, അത്തരം പ്രസ്താവനകളെ ശ്രദ്ധിക്കാൻ തനിക്ക് സമയമില്ലെന്നും ഒരാഴ്ച്‌ച കഴിയുമ്പോൾ അദ്ദേഹം തന്നെ നിലപാട് തിരുത്തിപ്പറയുമെന്നും പിഷാരടി അന്ന് പരിഹസിച്ചിരുന്നു. രമേഷ് പിഷാരടി അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് നിലവിലെ സംഭവം സൂചിപ്പിക്കുന്നുവെന്നാണ് ആളുകളുടെ പ്രതികരണം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →