Wednesday, 19 August 2026
‘Honest storytelling is a powerful means of change
05:16:46 PM IST
Kerala

​കൊട്ടാരക്കരയിൽ തുടങ്ങി തൃക്കാക്കരയിൽ അവസാനിച്ച മോഹങ്ങൾ; സാബു ജേക്കബിനെ പഴിചാരി അഖിൽ മാരാർ ട്വന്റി-20 വിടുമ്പോൾ ബാക്കിയാകുന്നത് രാഷ്ട്രീയത്തിലെ ഈ ‘റിയാലിറ്റി ചെക്ക്’

ന്യൂസ് ഡെസ്ക് 28 July 2026, 12:19 pm
SHARE

എൻഡിഎ ഘടകകക്ഷിയായ ട്വന്റി-20യുമായുള്ള ബന്ധം അവസാനിപ്പിച്ച് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർ. സാബു എം ജേക്കബുമായി സഹകരിച്ച് പോകാനാകില്ലെന്നും പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും ആരോപിച്ചാണ് അഖിലിന്റെ പടിയിറക്കം. എന്നാൽ, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളും യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. റിയാലിറ്റി ഷോയിലൂടെ ലഭിച്ച താരപരിവേഷം രാഷ്ട്രീയത്തിൽ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷകൾക്ക് ഏറ്റ മങ്ങലായി വേണം ഈ രാജിയെ കാണാൻ.


​കൊട്ടാരക്കര സീറ്റ് നൽകാമെന്ന് പറഞ്ഞ് സാബു ജേക്കബ് തന്നെ ചതിച്ചുവെന്നാണ് അഖിലിന്റെ പ്രധാന ആരോപണം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ അദ്ദേഹം അവിടെ പ്രചാരണവും തുടങ്ങിയിരുന്നു. എന്നാൽ, പാർട്ടി അവിടെ രശ്മിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയിലെ സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയയും സംഘടനാ തീരുമാനങ്ങളും പൂർണ്ണമായും മനസിലാക്കാതെയായിരുന്നു അഖിലിന്റെ ഈ പ്രചാരണ തുടക്കം. കൊട്ടാരക്കര ലഭിക്കാതെ വന്നതോടെ തൃപ്പൂണിത്തുറ ലഭിക്കുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷയും അസ്ഥാനത്തായി.

​തുടർന്ന് മാന്യമായൊരു സീറ്റ് വേണമെന്ന ആവശ്യത്തിനൊടുവിൽ ബിജെപി ഇടപെട്ടാണ് തൃക്കാക്കരയിൽ സ്ഥാനാർഥിത്വം നൽകിയത്. എന്നാൽ, അവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുഴുവൻ സമയവും തന്റെ കൂടെ വെറും രണ്ടുപേർ മാത്രമാണുണ്ടായിരുന്നതെന്ന അഖിലിന്റെ തുറന്നുപറച്ചിൽ ശ്രദ്ധേയമാണ്. കേവലം ഒരു താരപരിവേഷത്തിനപ്പുറം, താഴെത്തട്ടിൽ ഒരു രാഷ്ട്രീയ നേതാവായി മാറാനോ പ്രവർത്തകരെ ഒപ്പം നിർത്താനോ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നാണ് ഈ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. താൻ വിളിച്ചാൽ സാബു ജേക്കബ് ഫോൺ പോലും എടുക്കാറില്ലെന്ന പരാതിയും, പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തോടുള്ള സമീപനം എന്തായിരുന്നുവെന്ന് അടിവരയിടുന്നു.


​നേതൃത്വത്തെയും സാബു ജേക്കബിനെയും പഴിചാരി പടിയിറങ്ങുമ്പോഴും, പല ചോദ്യങ്ങളും അഖിലിന് നേരെയും ഉയരുന്നുണ്ട്. രാഷ്ട്രീയമെന്നത് റിയാലിറ്റി ഷോകളിലെ ജനപ്രീതിക്കപ്പുറം ചിട്ടയായ പ്രവർത്തനവും താഴെത്തട്ടിലുള്ള സംഘടനാ സംവിധാനവും ആവശ്യപ്പെടുന്ന ഒന്നാണെന്ന യാഥാർഥ്യമാണ് ഈ എപ്പിസോഡിലൂടെ വ്യക്തമാകുന്നത്. വ്യക്തിപരമായ അജണ്ടകൾക്കും സീറ്റ് മോഹങ്ങൾക്കും അപ്പുറം ജനകീയ അടിത്തറ ഉണ്ടാക്കിയെടുക്കുന്നതിൽ വന്ന വീഴ്ചയാണ് അഖിൽ മാരാരുടെ ഈ പെട്ടെന്നുള്ള മടക്കയാത്രയ്ക്ക് കാരണം.

Read More

‘വക്താക്കൾക്ക് ശമ്പളം കൊടുക്കുന്നില്ല, ഒന്നാംതീയതി വീട്ടുടമ വാടക ചോദിക്കും ; ബിജെപിക്കാരനായതുകൊണ്ട് എനിക്ക് വീട്ടുടമസ്ഥൻ സൗജന്യമൊന്നും നൽകില്ല: പാർട്ടി വിടാനുള്ള കാരണം പറഞ്ഞ് ഷെഹ്‌സാദ് പൂനാവാല

s
ന്യൂസ് ഡെസ്ക്
View all posts →