Monday, 17 August 2026
‘Honest storytelling is a powerful means of change
10:12:30 AM IST
Kerala

‘സീൻ കോൺട്രാ’; പാർലമെന്റിൽ ‘ഗോസ്റ്റിങ്’ തുടർന്ന് അമിത് ഷായും മോദിയും, ‘അവൻ വന്നോ കൂടെ’ എന്ന് തിരഞ്ഞ് പ്രതിപക്ഷവും പപ്പു യാദവിന്റെ മാസ്സ് പ്രൊട്ടസ്റ്റും

ന്യൂസ് ഡെസ്ക് 1 August 2026, 11:18 am
SHARE

ജന്തർമന്തറിൽ നടന്ന വിദ്യാർഥി വേട്ടയ്ക്ക് പിന്നാലെ പാർലമെന്റിൽ നിന്ന് വിട്ടുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ ഇരുപതിന് ഇരുവരും ലോക്സഭയിൽ എത്തിയിരുന്നെങ്കിലും പിന്നീട് സഭയിൽ ഹാജരായിട്ടില്ല. ലോക്‌സഭയിൽ ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ പാസാക്കിയ വെള്ളിയാഴ്ചയും അമിത് ഷാ സഭയിൽ ഉണ്ടായിരുന്നില്ല. സമ്മേളനത്തിന്റെ ആദ്യ ദിവസം അമിത് ഷാ അവതരിപ്പിച്ച ഈ ബിൽ പാസാക്കുന്ന വേളയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് പകരം സന്നിഹിതനായത്. സുപ്രധാനമായ പരീക്ഷാക്രമക്കേട് തടയൽ ബിൽ പരിഗണിച്ചപ്പോഴും പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ എത്തിയിരുന്നില്ല.

​വിദ്യാർഥികൾക്കും യുവാക്കൾക്കും നേരെ ജന്തർമന്തറിൽ പൊലീസും കേന്ദ്രസേനയും നടത്തിയ ക്രൂരമായ അതിക്രമത്തിൽ ആഭ്യന്തര മന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന ആവശ്യവുമായി പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. പെല്ലറ്റ് തോക്ക് അടക്കം ഉപയോഗിക്കാൻ നിർദേശം നൽകിയത് ആരാണെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും, ഇതിന് തയ്യാറല്ലെങ്കിൽ അദ്ദേഹം രാജിവെക്കണമെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന ആഭ്യന്തര മന്ത്രി ഇപ്പോൾ ഭയത്തിലാണോ എന്ന ചോദ്യവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കുന്നുണ്ട്. നിരന്തരമായി സഭ സ്തംഭിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധങ്ങൾക്കിടയിലും അമിത് ഷാ മൗനം തുടരുകയാണ്.

​പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്ചയും പാർലമെന്റിന്റെ ഇരുസഭകളും പൂർണ്ണമായും സ്തംഭിച്ചു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർ പിന്നീട് ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം കടുപ്പിച്ചു. പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചും അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ രാജ്യസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. ലോക്സഭ ആദ്യം ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ നിർത്തിവെച്ചെങ്കിലും വീണ്ടും ചേർന്നപ്പോഴും സമാനമായ രീതിയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു.

​ഇതിന് പുറമെ അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വിവാദത്തിലും പാർലമെന്റിൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. സ്വതന്ത്ര എംപി പപ്പു യാദവ് കാവി വസ്ത്രം ധരിച്ച് കാണിക്ക വഞ്ചിയുമായി സഭയുടെ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധം രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഈ വഞ്ചിയിൽ പണം നിക്ഷേപിച്ചപ്പോൾ പപ്പു യാദവ് അതെടുത്ത് സ്വന്തം പോക്കറ്റിലിടുകയും കാണിക്ക മോഷ്ടാക്കൾ സിംഹാസനം ഒഴിയുക എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ചേർന്ന് സനാതന ധർമ്മത്തെ അപമാനിക്കുകയാണെന്നാണ് ബിജെപി ഇതിനോട് പ്രതികരിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →