പുകമറയ്ക്കുള്ളിലെ ഭരണകൂട നിഷ്ക്രിയത്വം; കേരളത്തെ വിഴുങ്ങുന്ന വ്യാജ സിഗരറ്റ് മാഫിയ
പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ വാചാടോപങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് തിരിച്ചറിയാൻ കേരളത്തിലെ ഏതെങ്കിലും ഗ്രാമപ്രദേശങ്ങളിലോ നഗരപ്രാന്തങ്ങളിലോ ഉള്ള ഒരു സാധാരണ പെട്ടിക്കടയ്ക്ക് മുന്നിൽ അൽപ്പനേരം നിന്നാൽ മതിയാകും. കാൻസർ മുന്നറിയിപ്പുകളില്ലാത്ത, തിളങ്ങുന്ന കടലാസുകളിൽ പൊതിഞ്ഞ വ്യാജ സിഗരറ്റുകൾ യാതൊരു ഭയവുമില്ലാതെയാണ് അവിടെ വിറ്റഴിക്കുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ പേരിൽ അടുത്തിടെ ബജറ്റിലൂടെ സിഗരറ്റുകളുടെ നികുതി കുത്തനെ കൂട്ടി വിലയിൽ ഇരുപത് മുതൽ മുപ്പത് ശതമാനം വരെ വർദ്ധനവ് വരുത്തിയപ്പോൾ സർക്കാർ ഒരുപക്ഷേ കയ്യടി നേടിയിട്ടുണ്ടാകാം. എന്നാൽ, വില കൂട്ടിയാൽ പുകവലി കുറയുമെന്ന അശാസ്ത്രീയവും ഉപരിപ്ലവവുമായ ഭരണകൂട യുക്തി, കേരളത്തിൽ തുറന്നുവിട്ടത് ആയിരക്കണക്കിന് കോടി രൂപയുടെ സമാന്തര അധോലോക സമ്പദ്‌വ്യവസ്ഥയെയാണ്. ഉയർന്ന വില നൽകാൻ കഴിയാത്ത സാധാരണക്കാരെ ലക്ഷ്യമിട്ട്, മാരകമായ വിഷാംശങ്ങളടങ്ങിയ വ്യാജ സിഗരറ്റുകളുടെ ഒരു വൻ പ്രവാഹം തന്നെ അതിർത്തികൾ കടന്ന് നിർബാധം കേരളത്തിലേക്ക് ഒഴുകിയെത്തുകയാണ്.
ഇതൊരു സാധാരണ കള്ളക്കടത്ത് കഥയല്ല, മറിച്ച് നമ്മുടെ അന്വേഷണ ഏജൻസികളുടെയും പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും മൂക്കിന് താഴെ നടക്കുന്ന പകൽകൊള്ളയാണ്. കംബോഡിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത ഇരുട്ടറകളിൽ നിർമ്മിച്ച്, കടൽ മാർഗ്ഗം തമിഴ്‌നാട്ടിലെത്തി, അവിടെനിന്ന് പച്ചക്കറി ലോറികളിലും മറ്റും ഒളിച്ചുകടത്തി എറണാകുളത്തെ പെരുമ്പാവൂർ പോലുള്ള നഗരങ്ങളിൽ എത്തുന്ന ഈ ഉൽപ്പന്നങ്ങൾ പിന്നീട് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരിലേക്ക് ഒഴുകുന്നു. ഇവിടെ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നത് ലാഭക്കൊതി മാത്രമാണ്. ഒരു നിയമവിധേയ സിഗരറ്റ് വിൽക്കുമ്പോൾ തുച്ഛമായ പൈസ മാത്രം ലാഭം ലഭിക്കുന്ന സ്ഥാനത്ത്, യാതൊരു നികുതിയുമടക്കാത്ത ഈ വ്യാജ സിഗരറ്റുകൾ നൽകുന്ന ലാഭം പലമടങ്ങാണ്. നിയമപാലകരുടെ കണ്ണുവെട്ടിക്കാൻ മുഴുവൻ പാക്കറ്റുകളായി വിൽക്കുന്നതിന് പകരം, ഇവ ഒറ്റയൊറ്റയായി ലൂസായി വിൽക്കുന്ന തന്ത്രമാണ് കച്ചവടക്കാർ പയറ്റുന്നത്. ഇതോടെ പായ്ക്കറ്റുകളിലെ മുന്നറിയിപ്പുകളോ ഗുണനിലവാരമില്ലായ്മയോ ഉപഭോക്താക്കൾ ശ്രദ്ധിക്കാതെ പോകുന്നു.
സർക്കാരിന്റെ വരുമാന നഷ്ടത്തിനപ്പുറം, ഈ വ്യാജ സിഗരറ്റുകൾ സൃഷ്ടിക്കുന്ന ആരോഗ്യ ദുരന്തം ഭയാനകമാണ്. ഗുണനിലവാരമുള്ള പുകയിലയ്ക്ക് പകരം ചവറുകളും തടിപ്പൊടിയും മൃഗങ്ങളുടെ കാഷ്ഠവും വരെ ഇത്തരം വ്യാജ സിഗരറ്റുകളിൽ അരച്ചുചേർക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം എത്രപേർക്കറിയാം? ലെഡ്, കാഡ്മിയം, ആഴ്സനിക് തുടങ്ങിയ മാരകമായ ഘനലോഹങ്ങളും നിയമപരമായ അളവിലും പലമടങ്ങ് ഉയർന്ന ടാറും നിക്കോട്ടിനും ഈ വ്യാജ ഉൽപ്പന്നങ്ങളെ അക്ഷരാർത്ഥത്തിൽ ഒരു ‘സ്ലോ പോയ്സൺ’ ആക്കി മാറ്റുന്നു. വിലക്കുറവിൽ ആകൃഷ്ടരായി ഈ വിഷം വലിച്ചുകയറ്റുന്നത് കൂടുതലും ദിവസവേതനക്കാരും സാധാരണ തൊഴിലാളികളുമാണ്. ഇതിന്റെ അനന്തരഫലമായി കാൻസറും ഹൃദ്രോഗവും ശ്വാസകോശ രോഗങ്ങളും ബാധിച്ച് ഈ മനുഷ്യർ ആശുപത്രികളിൽ എത്തുമ്പോൾ, അവരുടെ കുടുംബങ്ങൾ വലിയ കടക്കെണിയിലേക്കും തീരാദുരിതത്തിലേക്കും കൂപ്പുകുത്തുന്നു. കുടുംബനാഥൻ രോഗിയാകുന്നതോടെ ആ കുടുംബം പട്ടിണിയിലാകുന്നു, ഒപ്പം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഈ രോഗികളുടെ ബാഹുല്യം വലിയ സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നു.
ഇത്ര വലിയൊരു കൊടിയ പാതകം ദിവസവും കൺമുന്നിൽ നടന്നിട്ടും നമ്മുടെ നിയമപാലന സംവിധാനങ്ങൾ എന്തെടുക്കുകയാണ് എന്ന ചോദ്യം അവശേഷിക്കുന്നു. കോടിക്കണക്കിന് രൂപയുടെ ഈ കരിഞ്ചന്തയെ നിയന്ത്രിക്കാൻ പോലീസിനോ എക്സൈസിനോ യാതൊരു താല്പര്യവുമില്ല എന്നതാണ് നഗ്നമായ സത്യം. സ്വർണ്ണക്കടത്ത് പിടികൂടാൻ കാണിക്കുന്ന ആവേശത്തിന്റെ ഒരംശം പോലും സിഗരറ്റ് മാഫിയയെ തകർക്കാൻ ഈ അന്വേഷണ ഏജൻസികൾ കാണിക്കുന്നില്ല. പ്രമുഖ ബ്രാൻഡുകളുടെ പേരിലിറങ്ങുന്ന വ്യാജ സിഗരറ്റുകൾ തിരിച്ചറിയാൻ സാധിക്കാത്ത നിരക്ഷരരായ ഉദ്യോഗസ്ഥരാണോ കേരളത്തിലുള്ളത്, അതോ അഴിമതിയുടെ പണക്കിഴികൾക്ക് മുന്നിൽ ബോധപൂർവ്വം കണ്ണടയ്ക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചില്ലറ വിൽപ്പന ശാലകളിൽ പരിശോധന നടത്താൻ പ്രത്യേക ദൗത്യസംഘങ്ങളില്ല, കടന്നുപോരുന്ന വഴികളിൽ ശക്തമായ പരിശോധനകളില്ല, ആധുനിക ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനങ്ങളില്ല. പിടിക്കപ്പെട്ടാൽ തന്നെ നിസ്സാര വകുപ്പുകൾ ചുമത്തി പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്യുന്നു. സാമ്പത്തിക നഷ്ടവും ആരോഗ്യ ദുരന്തവും ഒരുപോലെ വിഴുങ്ങുന്ന ഈ അടിയന്തര സാഹചര്യത്തിലും, ഉദ്യോഗസ്ഥ-മാഫിയ കൂട്ടുകെട്ടിന്റെ തണലിൽ ഈ മരണവ്യാപാരികൾ കേരളത്തിൽ തഴച്ചുവളരുകയാണ്. നയപരമായ പാളിച്ചകൾ തിരുത്താനും കർശനമായ നിയമനടപടികൾ സ്വീകരിക്കാനും ഭരണകൂടം ഇനിയും തയ്യാറായില്ലെങ്കിൽ, ഒരു ജനതയുടെ മുഴുവൻ ആരോഗ്യവും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയും ഈ പുകമറയ്ക്കുള്ളിൽ എന്നെന്നേക്കുമായി എരിഞ്ഞടങ്ങുക തന്നെ ചെയ്യും.
മാസപ്പടി കേസിൽ ഇഡി അന്വേഷണം കൂടുതൽ ആഴത്തിലേക്ക്; വീണക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപിനെ കേന്ദ്രീകരിച്ച് പരിശോധന
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി