ഗർഭം അലസിപ്പിക്കുന്നതിനായുള്ള മരുന്നുകൾ മുൻകൂട്ടി കഴിച്ചെത്തി, പ്രസവിച്ച ആറുമാസം പ്രായമുള്ള ഭ്രൂണത്തെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് യുവതി; സംഭവം തിരുവനന്തപുരത്ത്
ഈ അടുത്തിടെയായി പുറത്ത് വന്നിരുന്ന വാർത്തയായിരുന്നു മലപ്പുറത്ത് പ്രസവിച്ച യുവതി കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ ദാരുണമായ ഒരു സംഭവം തിരുവനന്തപുരത്ത് നിന്നും പുറത്ത് വന്നിരിക്കുകയാണ്. ഗർഭം അലസിപ്പിക്കുന്നതിനായുള്ള മരുന്നുകൾ മുൻകൂട്ടി കഴിച്ചെത്തി, പ്രസവിച്ച ആറുമാസം പ്രായമുള്ള ഭ്രൂണത്തെ യുവതി ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്‌തെന്ന വാർത്തയാണ് പുറത്ത് വന്നത്. തിരുവനന്തപുരത്തെ എസ്എടി (SAT) ആശുപത്രിയിലാണ് സംഭവം.
തിരുവല്ലം സ്വദേശിനിയായ ഇരുപതുകാരിയായ അവിവാഹിതയാണ് ആറുമാസം വളർച്ചയെത്തിയ സ്വന്തം ഭ്രൂണത്തെ ആശുപത്രിയിലെ ശൗചാലയത്തിൽ ഉപേക്ഷിച്ചത്. വൈകുന്നേരം ഏഴരയോടെയാണ് യുവതി ആശുപത്രിയിലെത്തിയത്. ഗർഭം അലസിപ്പിക്കുന്നതിനായുള്ള മരുന്നുകൾ മുൻകൂട്ടി കഴിച്ചതിന് ശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്. ഇവിടെയെത്തിയ ശേഷം കടുത്ത രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി ശൗചാലയത്തിലേക്ക് പോയി. അവിടെ വെച്ച് ആറുമാസം പ്രായമുള്ള ഭ്രൂണം പുറത്തുവരികയും, യുവതി അതിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് ഉപേക്ഷിക്കുകയുമായിരുന്നു.
ശൗചാലയത്തിൽ നിന്നും പുറത്തുവന്ന യുവതിയെ കണ്ട ആശുപത്രിയിലെ ഒരു ശുചീകരണ ജീവനക്കാരിക്ക് രക്തക്കറ കണ്ട് സംശയം തോന്നിയതോടെയാണ് ഈ നടുക്കുന്ന വിവരം പുറത്തറിയുന്നത്. എന്താണ് സംഭവിച്ചതെന്ന് ജീവനക്കാരി ചോദിച്ചപ്പോഴാണ് താൻ ഗർഭിണിയായിരുന്ന കാര്യവും മരുന്ന് കഴിച്ച വിവരവും ഭ്രൂണത്തെ ക്ലോസറ്റിൽ ഉപേക്ഷിച്ച കാര്യവുമെല്ലാം യുവതി തുറന്നു സമ്മതിച്ചത്. ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും, മെഡിക്കൽ കോളേജ് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് കുതിച്ചെത്തുകയും ചെയ്തു.
തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന നടത്തുകയും ഭ്രൂണത്തെ പുറത്തെടുക്കുകയും ചെയ്തു. നിലവിൽ ഈ പെൺകുട്ടി പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവർ ആശുപത്രിയിലേക്ക് ഒറ്റയ്ക്കാണോ വന്നത്, അതോ മറ്റാരെങ്കിലും കൂടെയുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ പോലീസ് ഇപ്പോൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.
‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ