Tuesday, 11 August 2026
‘Honest storytelling is a powerful means of change
06:17:26 PM IST
Kerala

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസുകാരന്റെ മുഖം തെരുവ് നായ കടിച്ചു; ഗുരുതര പരുക്ക്

SHARE

കാസർകോട്: വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസുകാരനെ തെരുവ് നായ ആക്രമിച്ച് മുഖത്ത് ഗുരുതരമായി കടിച്ചുപരിക്കേൽപ്പിച്ചു. ഗുരുപ്രസാദ്–തുളസി ദമ്പതികളുടെ മകൻ റിതുരാജ് (ഒന്നര വയസ്) ആണ് പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അമ്മയുടെ സമീപത്ത് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പത്തോളം തെരുവ് നായ്ക്കൾ കൂട്ടമായി എത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഒരു നായ കുട്ടിയുടെ മുഖത്ത് കടിച്ചുപിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയതോടെയാണ് നായ്ക്കൾ പിന്മാറിയത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പൈവളിഗെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മുഖത്തെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ ആശങ്കയാണ് ഉയർന്നത്. ആക്രമണം നടത്തിയ നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതേ നായ പശുവിനെയും പൂച്ചയെയും കടിച്ചതായി നാട്ടുകാർ ആരോപിച്ചു.

പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഇതുസംബന്ധിച്ച് പഞ്ചായത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു. ദിവസേന കൂട്ടമായി നായ്ക്കൾ സഞ്ചരിക്കുന്നതിനാൽ ആളുകൾക്ക് റോഡിലൂടെ സുരക്ഷിതമായി നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആക്രമണകാരിയായ നായയെ എത്രയും വേഗം പിടികൂടി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →