പത്തനംതിട്ടയെ മുക്കിയത് കാലാവസ്ഥാ മുന്നറിയിപ്പിലെ ഗുരുതര വീഴ്ച; റാന്നിയിൽ മിന്നൽ പ്രളയം ക്ഷണിച്ചുവരുത്തിയത്, രക്ഷാപ്രവർത്തനത്തിലും അലംഭാവം
മഴ മുന്നറിയിപ്പ് നൽകുന്നതിലുണ്ടായ ഗുരുതര വീഴ്ച പത്തനംതിട്ട ജില്ലയെ തള്ളിവിട്ടത് പ്രളയസമാനമായ സാഹചര്യത്തിലേക്ക്. ശനിയാഴ്ച രാവിലെ ഒമ്പതുമണിവരെയുള്ള 24 മണിക്കൂറിൽ വടശ്ശേരിക്കരയിൽ പെയ്തിറങ്ങിയത് 361 മില്ലീമീറ്റർ മഴയാണ്. ഇത്രയും വലിയ മഴലഭിച്ചിട്ടും സ്വാഭാവികമായും പ്രഖ്യാപിക്കേണ്ട റെഡ് അലർട്ട് ഉണ്ടായില്ല. നിലവിലുണ്ടായിരുന്ന ഓറഞ്ച് അലർട്ടിനുള്ള മുന്നൊരുക്കങ്ങൾ പോലും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇതോടെ റാന്നിയിലുണ്ടായ മിന്നൽ പ്രളയം ക്ഷണിച്ചുവരുത്തിയ ദുരന്തമാണെന്നാണ് വിലയിരുത്തൽ.
അതിതീവ്ര മഴയ്ക്ക് പുറമെ മൂഴിയാർ, കാരികയം ഡാമുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നുവിട്ടതോടെ കല്ലാറും കക്കാട്ടാറും കരകവിഞ്ഞൊഴുകി. ഇത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. അറ്റകുറ്റപ്പണികൾക്കായി മണിയാർ ഡാം കൂടി തുറന്നിട്ടതോടെ കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടുപോവുകയായിരുന്നു. 2018-ലെ മഹാപ്രളയത്തിൽ തുടർച്ചയായി നാല് ദിവസം മഴ പെയ്തപ്പോഴാണ് റാന്നി മുങ്ങിയതെങ്കിൽ, ഇത്തവണ ഒറ്റരാത്രികൊണ്ടാണ് നഗരം വെള്ളത്തിനടിയിലായത്.
അതിതീവ്രമായ മഴ പെയ്യുമെന്നോ ഡാമുകൾ തുറന്നുവിടുമെന്നോ ഉള്ള കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് വീടുകളിലെയും കടകളിലെയും സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാമായിരുന്നു. പുലർച്ചെ നാല് മണിക്ക് വെള്ളം കയറിയതിന് ശേഷം മറ്റുള്ളവർ പറഞ്ഞാണ് പലരും വിവരമറിയുന്നത്. അപ്പോഴേക്കും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിക്കഴിഞ്ഞിരുന്നു. ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ, വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള അനൗൺസ്‌മെൻ്റ് പോലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് രാവിലെ ഒമ്പതരയ്ക്ക് മാത്രമാണ്.
പെരുവഴിയിലായി തീർഥാടകർ
നിറപുത്തിരി പ്രമാണിച്ച് ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്കും യാതൊരുവിധ മുന്നറിയിപ്പും നൽകാൻ അധികൃതർക്ക് കഴിഞ്ഞില്ല. ഇതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വന്ന തീർഥാടകർ പെരുവഴിയിലായി. അതിതീവ്ര മഴയുടെയും പമ്പാനദി കരകവിഞ്ഞൊഴുകുന്നതിന്റെയും പശ്ചാത്തലത്തിൽ ശബരിമല യാത്ര കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള പ്രധാന പാതയായ വടശ്ശേരിക്കര ഉൾപ്പെടെയുള്ള റോഡുകൾ പൂർണ്ണമായും വെള്ളത്തിലാണ്. കിഴക്കൻ മേഖലകളിലേക്കുള്ള യാത്രയ്ക്ക് ജില്ലാ പൊലീസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിലും പാളിച്ച
രക്ഷാപ്രവർത്തനത്തിലും കടുത്ത അലംഭാവമാണ് ദൃശ്യമായത്. ദുരന്തമുഖങ്ങളിൽ അഗ്നിരക്ഷാ സേനയും പൊലീസും ഡിങ്കികളും വള്ളങ്ങളും ഉപയോഗിച്ച് ആളുകളെ രക്ഷിക്കേണ്ടതിന് പകരം റാന്നിയിൽ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചത് എൻജിൻ തകരാറുള്ള ഒരേയൊരു ഡിങ്കി മാത്രമാണ്. ഇതിലുണ്ടായിരുന്ന ദ്രുതകർമ്മ സേനാംഗങ്ങൾക്ക് തുഴയാൻ പോലും അറിയില്ലായിരുന്നുവെന്നത് രക്ഷാപ്രവർത്തനത്തിലെ പാളിച്ചകളുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഭാഗത്തുനിന്നുണ്ടായ ഈ വലിയ വീഴ്ചയാണ് പത്തനംതിട്ടയെ ദുരിതത്തിലാക്കിയത്.
‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ