പ്രധാനെ വകുപ്പ് മാറ്റി മുഖം രക്ഷിക്കാന്‍ ‘മോദി’ തന്ത്രം; മന്ത്രിസഭ പുനഃസംഘടനയില്‍ മാറ്റി നിര്‍ത്തിയാല്‍ പ്രതിഷേധത്തില്‍ തോറ്റെന്ന ധാരണ ഉണ്ടാവുമെന്ന് പേടി; വിദ്യാഭ്യാസമന്ത്രിയുടെ രാജിയല്ലാതെ വകുപ്പ് മാറ്റം അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
നീറ്റ് ചോര്‍ച്ചയും കോക്രോച്ചുകള്‍ ജന്തര്‍മന്തറില്‍ തീര്‍ത്ത പ്രതിരോധവും ശ്വാസം മുട്ടിയ്ക്കുമ്പോള്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ നേരത്തെ എടുത്ത തീരുമാനങ്ങളില്‍ പോലും മാറ്റം വരുത്താന്‍ നിര്‍ബന്ധിതമായി ബിജെപി. സിജെപി സമരം മൂലം നേരത്തേ നിശ്ചയിച്ചിരുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ അവസാന വട്ടം തിരുത്തലുകള്‍ വരുത്തിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റമാണ് ബിജെപി ഇപ്പോള്‍ ചിന്തിക്കുന്ന കാര്യം. സിജെപി സമരത്തിന് മുമ്പില്‍ മുട്ടുമടക്കിയെന്ന തോന്നലുണ്ടാകാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് മാറ്റി പ്രധാന് മറ്റൊരു വകുപ്പ് നല്‍കാനാണ് മോദി ആലോചിക്കുന്നത്.
സിജെപി സമരം തണുപ്പിക്കാന്‍ ധര്‍മേന്ദ്ര പ്രധാന് പകരം നിര്‍മല സീതാരാമനെ വിദ്യാഭ്യാസ മന്ത്രിയാക്കുന്നതടക്കം ആലോചന നടന്നുവെന്നാണ് അകത്തളവര്ത്തമാനം. സമവായ ചര്‍ച്ചയുടെ ഭാഗമായി പല നിര്‍ദേശങ്ങളും പരിഗണനയിലുണ്ടെങ്കിലും സിജെപി സമരം ഉണ്ടാക്കിയ പൊല്ലാപ്പ് പാര്‍ട്ടിയെ മുമ്പില്ലാത്ത വിധം ഉലച്ചിട്ടുണ്ട്. നേരത്തേ, മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും സംഘടനയിലേക്ക് തിരികെ പോകുമെന്നും മുന്‍ മന്ത്രി അനുരാഗ് ഠാക്കൂര്‍ തിരികെ മന്ത്രിസഭയിലെത്തുമെന്നും നേരത്തെ പറയപ്പെട്ടിരുന്നെങ്കിലും പ്രധാനെ മാറ്റിയാല്‍ സമരത്തിന് മുന്നില്‍ പത്തിമടക്കിയെന്ന തോന്നലുണ്ടാക്കുമെന്ന ഭീതി മോദിയെ അലട്ടുന്നുണ്ട്.
അടുത്തിടെ എന്‍ഡിഎയില്‍ എത്തിയ സഖ്യകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിന് വേണ്ടിയാണ് മന്ത്രിസഭ പുനഃസംഘടന ആലോചിച്ചത്. കേരളത്തില്‍ നിന്നുള്ള മന്ത്രി ജോര്‍ജ് കുര്യനടക്കം സ്ഥാനം ഒഴിഞ്ഞിരുന്നു. എഎപിയില്‍നിന്ന് അടുത്തിടെ ബിജെപിയിലേക്ക് എത്തിയ രാഘവ് ഛദ്ദ മന്ത്രിയാകുമെന്ന് സൂചനയുണ്ട്. ശിവസേന വിഘടിപ്പിച്ച് മഹാരാഷ്ട്രയില്‍ ബിജെപിയ്ക്കൊപ്പം ചേര്‍ന്ന് ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനം രണ്ടാം ടേമില്‍ നഷ്ടമായ ഏക്നാഥ് ഷിന്‍ഡയെ അനുനയിപ്പിക്കാന്‍ മകന് ഡോ ശ്രീകാന്ത് ഷിന്‍ഡേയേയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ഇതിനിടയില്‍ ഉപപ്രധാനമന്ത്രി സ്ഥാനം സൃഷ്ടിച്ച് അമിത് ഷായ്ക്ക് വഴിയൊരുക്കുന്നുവെന്ന തലത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. അതിനിടയില്‍ സമരത്തിന് മുന്നില്‍ വിറച്ചില്ലെന്ന് കാണിക്കാന്‍ പ്രധാന്റെ മന്ത്രി കസേര ഉറപ്പിച്ച് നിര്‍ത്താന്‍ മറ്റൊരു വകുപ്പ് നല്കുന്ന കാര്യത്തില്‍ ബിജെപി കൂലങ്കശ ചിന്തയിലാണ്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞതൊന്നിനും പ്രതിപക്ഷവും സിജെപിയും തയ്യാറല്ല. വിദ്യാഭ്യാസമന്ത്രി രാജിവെക്കുകതന്നെ വേണമെന്നും രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മൂന്ന് പ്രധാനപ്പെട്ട ആവശ്യങ്ങള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം എന്നതാണ് മുന്നോട്ടുവെക്കുന്ന ഒന്നാമത്തെ ആവശ്യമെന്ന് രാഹുല്‍ പറഞ്ഞു. അഴിമതിക്കാരനും മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലാത്ത ആളുമായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം. പ്രധാനെ മറ്റൊരു മന്ത്രാലയത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന വിവരം ലഭിക്കുന്നുണ്ടെന്നും അത് അംഗീകരിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന് അഴിമതിയുടെയും ഇന്ത്യന്‍ കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെയും പ്രതീകമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലാത്തിചാര്‍ജും മറ്റ് അതിക്രമങ്ങളും നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നതാണ് രണ്ടാമത്തെ ആവശ്യം. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാര്‍ത്ഥികളോടും അവരുടെ ഭാവിയോടും ചെയ്ത തെറ്റായ നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പുപറയണം എന്നതാണ് മൂന്നാമത്തെ ആവശ്യം. ഈ മൂന്ന് കാര്യങ്ങളും രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ആവശ്യമാണെന്നും ഇതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലക്ഷ്യം പൂര്‍ത്തിയാക്കുംവരെ പ്രതിപക്ഷം അവരുടെ കൂടെയുണ്ടാകുമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് ഉറപ്പുനല്‍കി.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. സമരംചെയ്ത യുവാക്കള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും പരിക്കേറ്റവര്‍ക്ക് നീതി ലഭിക്കണമെന്നും തങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളില്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
പണപ്പൊതിയും പാഠ്യപദ്ധതിയും: പി.എം ശ്രീ പദ്ധതിയെച്ചൊല്ലി കേരളത്തിൽ കോൺഗ്രസും ലീഗും നേർക്കുനേർ
സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്