Monday, 17 August 2026
‘Honest storytelling is a powerful means of change
01:52:19 PM IST
Kerala

‘തളിപ്പറമ്പ് നിയോജക മണ്ഡലം നിയുക്ത എംഎല്‍എ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അഭിവാദ്യങ്ങള്‍’; ഫലം പ്രഖ്യാപിക്കും മുമ്പേ ചെങ്കോട്ടയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പോസ്റ്റര്‍

ന്യൂസ് ഡെസ്ക് 18 April 2026, 4:25 pm
SHARE

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പേ തളിപ്പറമ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. ‘തളിപ്പറമ്പ് നിയോജക മണ്ഡലം നിയുക്ത എംഎല്‍എ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് സിപിഎം കുത്തക മണ്ഡലമായ തളിപ്പറമ്പില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പില്‍ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദന്‍ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായത്. 60 വര്‍ഷക്കാലം സിപിഎമ്മിനായി പ്രവര്‍ത്തിച്ച ടി.കെ. ഗോവിന്ദന്‍ ശ്യാമളയ്‌ക്കെതിരെ മത്സരത്തിനിറങ്ങിയത് സിപിഎം അണികളിലും നേതാക്കളിലും ഞെട്ടലുണ്ടാക്കി.

ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ നശിപ്പിക്കുകയും ബാനറുകള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തതടക്കം വിഷയങ്ങള്‍ തളിപ്പറമ്പില്‍ അരങ്ങേറിയിരുന്നു. പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങളും തളിപ്പറമ്പില്‍ അരങ്ങേറി. പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെ ഒരു സംഘം ആളുകള്‍ കൂവി വിളിക്കുന്ന സാഹചര്യവുമുണ്ടായി. സിപിഎം കുത്തക മണ്ഡലത്തില്‍ ഇത്തവണ കടുത്ത പോരാട്ടമാണ് നടന്നത്.

s
ന്യൂസ് ഡെസ്ക്
View all posts →