പുത്തൻ രൂപത്തിലും ഭാവത്തിലും 2026 ടൊയോട്ട ഹൈലക്സ് ഇന്ന് വിപണിയിൽ; വിലയും സവിശേഷതകളും അറിയാം
മികച്ച ഓഫ്-റോഡ് വാഹനമായ ടൊയോട്ട ഹൈലക്സിന്റെ (Toyota Hilux) ഏറ്റവും പുതിയ മോഡൽ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. കിടിലൻ ഡിസൈൻ, നവീകരിച്ച ക്യാബിൻ, പുതിയ സാങ്കേതികവിദ്യകൾ, 48V മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിൻ എന്നീ സവിശേഷതകളോടെയാണ് 2026 ടൊയോട്ട ഹൈലക്സ് എത്തുന്നത്. പഴയ മോഡലിനേക്കാൾ വില കൂടുതലായിരിക്കും പുതിയ ഹൈലക്സിന്. 30 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയായിരിക്കും (എക്സ്-ഷോറൂം) ഇതിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിന് 28.52 ലക്ഷം മുതൽ 35.85 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഇസൂസു വി-ക്രോസ് (Isuzu V-Cross) തന്നെയാകും വിപണിയിൽ ടൊയോട്ട ഹൈലക്സിന്റെ പ്രധാന എതിരാളി.
വാഹനത്തിന്റെ എഞ്ചിൻ പരിശോധിച്ചാൽ, 2.8 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ തന്നെയാണ് പുതിയ മോഡലിലുമുള്ളത്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ 204hp കരുത്തും 420Nm ടോർക്കും വാഹനം ഉത്പാദിപ്പിക്കും. അതേസമയം 6-സ്പീഡ് ഓട്ടോമാറ്റിക് പതിപ്പ് 204hp കരുത്തും 500Nm ടോർക്കും നൽകും. ഫോർച്യൂണറിൽ നൽകിയിട്ടുള്ള ടൊയോട്ടയുടെ 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനം (neoDrive) ആയിരിക്കും ഇതിലെ ഏറ്റവും വലിയ മാറ്റം. ഇത് മികച്ച മൈലേജും യാത്രാസുഖവും നൽകും. ലോ-റേഞ്ച് ട്രാൻസ്ഫർ കേസോടുകൂടിയ ഫോർ വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി തുടരും.
മുൻവശത്ത് വലിയ മാറ്റങ്ങളോടെയാണ് വാഹനം എത്തുന്നത്. ചെറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഡിആർഎൽ (DRL), ടൊയോട്ട എന്നെഴുതിയ വലിയ ഗ്ലോസ് ബ്ലാക്ക് ഗ്രിൽ എന്നിവ പ്രധാന ആകർഷണങ്ങളാണ്. പുതിയ ബമ്പർ, വലിയ എയർ ഇൻടേക്കുകൾ, സിൽവർ സ്കിഡ് പ്ലേറ്റ്, വെർട്ടിക്കൽ എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന് കൂടുതൽ മസ്കുലർ ലുക്ക് നൽകുന്നു. പിൻഭാഗത്ത് സി-ഷേപ്പ് എൽഇഡി ടെയിൽ ലാമ്പുകളും നൽകിയിട്ടുണ്ട്.
ഇന്റീരിയറിലെ ഹൈലൈറ്റ് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ്. ഓൾ-ബ്ലാക്ക് ഇന്റീരിയർ, സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ എന്നിവ പ്രീമിയം ഫീൽ നൽകും. കൂടാതെ, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, 9-സ്പീക്കർ ജെബിഎൽ (JBL) സൗണ്ട് സിസ്റ്റം തുടങ്ങിയ പുതിയ ഫീച്ചറുകൾ വാഹനത്തിലുണ്ടാകും. ഇതിനുപുറമെ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് ഉൾപ്പെടെയുള്ള അഡാസ് (ADAS) സുരക്ഷാ സംവിധാനങ്ങളും പുതിയ ഹൈലക്സിൽ ടൊയോട്ട ഒരുക്കിയിട്ടുണ്ട്.
₹21,000ന്റെതലമുറ: ജോലിയുണ്ട്, ജീവിതമില്ല
വിദ്യാര്ത്ഥികള്ക്കെതിരായ അധിക്ഷേപം; ടി. ജി. മോഹൻദാസിന് ജാമ്യം